അതിര്‍ത്തി കടക്കുന്ന ആളുകള്‍ തങ്ങളുടെ പേരുവിവരങ്ങളും, പാസ്പോര്‍ട്ട് നമ്പറും ഏത് അതിര്‍ത്തിവഴിയാണ് യാത്ര ചെയ്യുന്നത് എന്നുമുള്ള വിവരങ്ങള്‍ ജനറല്‍ പ്രോട്ടോക്കോള്‍ വകുപ്പിന് കൈമാറണമെന്ന് നിര്‍ദേശമുണ്ട്. പൗരന്മാരുടെ സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്നും ടെഹ്റാനിലെ അധികൃതര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇറാനിലെ വിവിധ നഗരങ്ങളിലായി നിരവധി ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നതെന്നും ഇവരില്‍ ഏകദേശം 1,500~ലധികം പേരും വിദ്യാര്‍ഥികളാണെന്നുമാണ് വിവരം. ഇവരെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും എംബസി വിദ്യാര്‍ഥികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മറ്റ് സാധ്യമായ മാര്‍ഗങ്ങള്‍ പരിഗണനയിലാണെന്നും സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ അര്‍മേനിയ വഴി ഒഴിപ്പിക്കുന്നതാണ് പരിഗണിക്കുന്നതെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
നേരത്തെ, ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. താമസ സ്ഥലത്തിനു സമീപം മിസൈലുകളും ബോംബുകളും പതിക്കുകയാണെന്നും കുടിവെള്ള വിതരണ ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനത്തില്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ വിദേശകാര്യ മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലെന്നുമാണ് വിദ്യാര്‍ഥികള്‍ അറിയിച്ചിരിക്കുന്നത്.

Comments: